Sunday, February 23, 2014

മണിമാളികകൾക്ക് പറയാനുള്ളത്




2010

3 വർഷങ്ങൾക്ക് ശേഷമാണ് മഹാനഗരത്തിൽ വീണ്ടും എത്തിയത്. പണ്ട് വളരെ വീതിയുള്ളതായി തോന്നിയിരുന്ന സാകി വിഹാർ റോഡ്, വളരെ ഇടുങ്ങിപ്പോയപോലെ തോന്നി, മനുഷ്യമനസുകൾ പോലെ. ലോകാവസാനം മുന്നിൽകണ്ടെന്നപോലെ ഓടുന്ന മനുഷ്യർ, എണ്ണത്തിൽ കൂടിയിരിക്കുന്നെങ്കിലും, ഓരോരുത്തരുടെയും മുഖഭാവം സ്ഥായിയായിരുന്നു. ഇരു വശത്തും പുതിയ ബഹുനിലക്കെട്ടിടങ്ങൾ, അപരിചിതനെ കണ്ടപോലെ എന്നെ നോക്കി.

അതിനിടയിൽ പണി പൂർത്തിയായ കെട്ടിടം കണ്ടപ്പോൾ ഞാൻ കണ്ണനെ ഓർത്തു. ഒരു ടി കമ്പനി അവിടെ ചേക്കേറി താവളമുറപ്പിച്ചിരിക്കുന്നു. ഗേറ്റിനരികിൽ കഴുത്തിൽ പട്ടയിട്ട നിരവധി ആൺ പെൺ മസ്തിഷ്കങ്ങൾ കളിതമാശകളും ചിരിയുമായി നിൽക്കുന്നു.


2006

കോളേജ് കഴിഞ്ഞ് ആദ്യജോലി മുംബൈയിൽ ആണെന്നറിഞ്ഞപ്പൊ ഒരു ആവേശം ഒക്കെ ഉണ്ടായിരുന്നു. അമ്മ ചിരിക്കുന്നതിനിടയിൽ പൊങ്ങിവരാറുള്ള ആശങ്കകൾ കണ്ട് ആവേശം അധികം പുറത്തുകാണിച്ചില്ല.  

മിഠായിത്തെരുവും കടപ്പുറവും ഒക്കെയാണ് പിന്നെ പ്രയാസമുണ്ടാക്കിയത്. ലൈഫ് മസ്റ്റ് ഗോ ഓൺ എന്നൊക്കെ മനസ്സിൽ വിചാരിച്ച് അങ്ങ് വണ്ടികേറി. ഇവിടെ വന്നപ്പൊഴാണ് മനസ്സിലായത്, രണ്ട് നഗരങ്ങൾക്കും വല്ലാത്തൊരു ശക്തിയുണ്ട്.  

തന്നെ അറിയാനും തന്നോട് ചേരാനും വരുന്നവരെ സ്നേഹത്തോടെ ഹൃദയത്തോടടുപ്പിക്കുന്ന ശക്തി.  

കോഴിക്കോടിന്റെ സന്ധ്യകളെയായിരുന്നു ഞാൻ സ്നേഹിച്ചതെങ്കിൽ ഇവിടെ രാത്രികളെയായിരുന്നു. അതെ, മുംബൈ എന്നാൽ ഒരു വലിയ കല്ല്യാണവീടാണ്. ചിലർ ഉറങുന്നതും, ചിലർ നാളത്തെ ഒരുക്കങ്ങൾക്കായി നെട്ടോട്ടമോടുന്നതും, ചിലർ വെടിവട്ടം പറഞ്ഞിരിക്കുന്നതും, ചിലർ മാറിനിന്ന് മറ്റുചില കലാപരിപാടികൾ നടത്തുന്നതുമായ രസകരമായ തലേരാത്രിയുടെ കഥകളാണ് ഇവിടെ ഓരോ രാത്രിക്കും പറയാനുള്ളത്.

ഞങ്ങൾ നാലു പേരും രവിയേട്ടന്റെ റൂമിൽ പേയിംഗ് ഗസ്റ്റുകളായി താമസം തുടങ്ങി. പുതിയ ജോലിയും ആൾക്കാരും താമസവുമൊക്കെയായി അങ്ങനെ പോയി കുറച്ച് ദിവസങ്ങൾ.

ഒരു ദിവസം കുടുസുമുറിയുടെ കുടുസുബാൽക്കണിയിൽ നിന്ന് പകൽക്കിനാവുകാണുമ്പോഴായിരുന്നു അടുത്ത ബാൽക്കണിയിൽ അലക്കിയ തുണികൾ ഉണങ്ങാനിടുന്ന രൂപത്തിൽ അയാൾ പ്രത്യക്ഷപ്പെട്ടത്. വെളുത്ത് സുമുഖനായ ചെറുപ്പക്കാരൻ. വീട്ടിൽ നിന്ന് പോരുമ്പൊ എല്ലാരും പറഞ്ഞ് തന്ന കാര്യ്ങളൊക്കെ മനസ്സിൽ കിടക്കുന്നത് കൊണ്ട് അധികം ശ്രദ്ധിക്കാൻ പോയില്ല. 'മലയാളിയല്ലേ? ' എന്ന് ചോദിച്ച്കൊണ്ട് അയാൾ തന്നെ തൂടങ്ങിവെച്ചു സംസാരം. കണ്ണൻ എന്ന് പേരു പറഞ്ഞ അയാൾ ഒരു നിർമ്മാണസ്ഥാപനത്തിൽ വെൽഡറാണ്, മുംബൈയിൽ എത്തി ഒരു മാസം ആവുന്നതെയുള്ളൂ എന്നൊക്കെ പറഞ്ഞു. ഞങ്ങളുടെ താമസസ്ഥലത്തെ അവജ്ഞയോടെ നോക്കുന്നപോലെ ദൂരെ അയാൾ ചൂണ്ടിക്കാണിച്ച് തന്ന പണിസ്ഥലം ചാരനിറത്തിലുള്ള ഒരു അസ്ഥികൂടം പോലെ തോന്നിച്ചു.

കണ്ണൻ കൂടുതലും രാത്രിഷിഫ്റ്റിലായതുകൊണ്ട് ഞങ്ങൾ കുറേ നാൾ കണ്ടില്ല. മാത്രമല്ല 12 മണിക്കൂറാണ് എല്ലർക്കും ജോലിസമയം. എനിക്ക് പലപ്പോഴും അത് 14-15 മണിക്കൂറൊക്കെയായി നീട്ടിക്കിട്ടാറുണ്ടെങ്കിലും തടിയനങ്ങേണ്ടതില്ലാത്തതിനാൽ കുഴപ്പമൊന്നും ഇല്ലാതെ കഴിഞ്ഞുപോന്നു.

ഒരു രാത്രി ഭക്ഷണം കഴിഞ്ഞ് ഉലാതുന്നതിനിടെ കണ്ണനെ വീണ്ടും കണ്ടു. അന്നും അയാൾ കുറെ സംസാരിച്ചു, വീട്ടുകാര്യം, നാട്ടുകാര്യം ഒക്കെ. മുൻപ് ഒരുതവണ മാത്രം കണ്ട എന്നോട് അയാൾ സംസാരിക്കുന്ന രീതി അല്പം അരൊചകമായിതോന്നി. പിന്നെ അത് പ്രവാസത്തിന്റെ വേദന കുറയ്ക്കാൻ മനസ്സുകണ്ടെത്തുന്ന ചില സങ്കേതങ്ങളണെന്ന് മനസ്സിലായപ്പോൾ ഞാനും സംസാരിച്ച് തുടങ്ങി. കുറച്ച് കാലം മുംബൈയിൽ പിടിച്ച് നിന്ന് വിദേശത്തേക്ക് പോകാൻ കണക്കുകൂട്ടുകയായിരുന്ന അയാൾക്ക് പക്ഷേ ഒരുപാട് ആശങ്കകൾ ഉള്ളതായി തോന്നി.  

കുർള സ്റ്റേഷനിൽ നിന്ന് ഞങ്ങളെ കൂട്ടി കാറിൽ പോകുമ്പോൾ സുനിയേട്ടൻ പറഞ്ഞ വാക്കുകൾ ഒരു കാരണവരുടെ ഗൗരവം കൃത്രിമമായി വരുത്തി ഞാൻ പറഞ്ഞു.

'മുംബൈയിലെ ആകാശത്ത് പണം പറക്കും, അത് ഒരിക്കലും ആരുടേയും തലയിൽ വന്ന് വീഴാറില്ല, അത് ചാടിപ്പിടിക്കുന്നവർ, അവരാണ് ഇവിടെ വിജയികൾ'

കണ്ണൻ ചിരിച്ചു. അത്ര വലിയ ആഗ്രഹങ്ങളൊന്നും ഇല്ലെന്ന മട്ടിൽ.

ഞങ്ങളെ നോക്കി ചിരിച്ച്, രവിയേട്ടൻ കടപൂട്ടി റൂമിലേക്ക് പോയി. കണ്ണന് എന്റെ മൊബൈൽ നംബർ വാങ്ങി. എവിടെയായാലും ഇടയ്ക്ക് വിളിക്കണം എന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
----------------------------------------------------------------------------------------------------

അന്നും എട്ടരയോടെ ഞാൻ റൂമിലെത്തി. കണ്ണന്റെ റൂമിനുമുന്നിൽ 2-3 പേർ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അവിടെ കണ്ട് പരിചയമുള്ള മലയാളികൾ. അസ്വാഭാവികത ഒന്നും ഇല്ല. അങ്ങനെ ചില ചർച്ചകൾ ഉണ്ടാവാറുണ്ട്. ഞാൻ റൂമിലേക്ക് കയറി. അപ്പുറത്തെ റൂമിൽ ആർക്കൊ അപകടം സംഭവിച്ചിട്ടുണ്ടെന്ന് അതുൽ പറഞ്ഞു. അവൻ വേഷം മാറ്റി പോകാൻ തുടങ്ങുന്നു. ഞാൻ കണ്ണനെ ഓർത്തു, അവിടെ 4-5 പേർ താമസമുണ്ടെങ്കിലും പരിചയം കണ്ണനെ മാത്രമായിരുന്നു  ഞങ്ങൾ പുറത്തിറങ്ങുമ്പോഴേക്കും രവിയേട്ടൻ വന്നു.

 'നിനക്കറിയില്ലേനോ കണ്ണനെ? ഓനാണ്..'

രവിയേട്ടൻ പറഞ്ഞുനിർത്തി..

'എന്താ പറ്റിയത്?..' അതുലാണ് ചോദിച്ചത്...

'തീർന്നു, പണിസ്ഥലത്ത്ന്നാ, ബിൽഡിങ്ങ്'

രവിയേട്ടന്റെ ചൂണ്ടുവിരലിനറ്റത്ത് ഞൻ ഒരിക്കൽകൂടി രൂപം കണ്ടു. ഇത്തവണ നഗരത്തെ, ഇവിടത്തെ ജനങ്ങളെ വിഴുങ്ങാൻ വരുന്ന ഒരു സത്വത്തെപോലെ തോന്നിച്ചു അതിനെ.

എന്റെ കാലുകൾ വിറച്ചു. നാവു പൊന്തിയിരുന്നെങ്കിൽ ഞാൻ അമ്മയെ കാണണം എന്ന് പറഞ്ഞേനെ. ഞങ്ങൾ മുറിയിൽ കയറി. ഒരാൾ കട്ടിലിൽ കമിഴ്ന്നുകിടക്കുന്നു, മറ്റൊരാൾ നിലത്ത് കൈകൾ കൊണ്ട് മുഖം പൊത്തി.
ഞങ്ങൾ പുറത്തിറങ്ങി.

'വെൽഡ് ചെയ്യുമ്പൊ ഷോക്കടിച്ച് തെറിച്ചു, അതിൽ തല എവിടെയോ കൊണ്ടിടിച്ചു..'

തോമസേട്ടൻ പറഞ്ഞ് തുടങ്ങിയത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ഞാൻ നടന്നു.  
കൂടുതൽ മലയാളികൾ വന്നു. നാട്ടിലേക്ക് കൊണ്ടുപോകേണ്ടതിനെക്കുറിച്ച് ചർച്ച തുറ്റങ്ങി.
മുംബൈയിൽ തന്നെയുണ്ടായിരുന്ന കണ്ണന്റെ ബന്ധുക്കൾക്കായി ഞങ്ങൾ കാത്തുനിന്നു. റൂമിൽ കൊണ്ടുവരാതെ ആശുപത്രിയിൽ നിന്ന് അവർ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് തിരിച്ചു.

പിറ്റേന്ന് പുലർച്ചയോടെ, സ്വപ്നങ്ങൾ കൂട്ടുപിടിച്ച് ഇവിടെയെത്തി, രണ്ട് കൂടിക്കാഴ്ചകൾ കൊണ്ട് എന്റെ സുഹൃത്തായ കണ്ണൻ, വെറും കയ്യോടെ മടങ്ങി. അയാളുടെ സ്വപ്നങ്ങൾ മണ്ണ് ഏറ്റുവാങ്ങി, മറ്റു പലരുടേയും പോലെ എന്ന പരിചയത്തോടെ...

കണ്ണൻ, പണം പറക്കുന്ന ആകാശമല്ല, കാലുറപ്പിച്ച് നിൽക്കാനുള്ള ഭൂമിയാണ് നമ്മെ നാമാക്കുന്നത്...

ആദരാഞ്ജലികൾ..


Saturday, February 15, 2014

ഇടുക്കി ഗോൾഡ്


ഇതുവരെ അനുഭവിക്കാതിരുന്ന ആ നിമിഷങ്ങള്‍ എന്താണെന്ന് അല്‍പം കഴിഞ്ഞാണു മനസ്സിലായത്‌..

ഞാന്‍ മരിച്ചുകഴിരിക്കുന്നു..

ഇരുന്ന കസേരയില്‍ നിന്ന് എടുത്ത്‌ നിലത്ത്‌ കിടത്തിയവർ, പരസ്പരം നോക്കുകയല്ലാതെ ഒന്നും പറയുന്നുണ്ടായിരുന്നില്ല...

അപ്പോള്‍ എനിക്ക്‌ പൂർണ്ണബോധ്യമായി...താന്‍ മരിച്ചിരിക്കുന്നു...

ശരീരം വീട്ടിലെത്തിക്കണം...കുറേ പേരെ അറിയിക്കാനുമുണ്ട്..

അവരോട്‌ വിളിച്ച്‌ പറയണമെന്നുണ്ടായിരുന്നു...നാവ്‌ പൊങ്ങുന്നില്ല...
കൈ കാണിച്ച്‌ വിളിക്കാന്‍ കൈയും പൊങ്ങുന്നില്ല....

താന്‍ മരിച്ച്‌ കഴിഞ്ഞല്ലോ...

അല്‍ പനേരം കഴിഞ്ഞപ്പോള്‍ അവറ്‍ സംസാരിച്ച്‌ തുടങ്ങി...അറിയാത്ത ഏതോ ഭാഷയില്‍..ഞാൻ പ്രതീക്ഷിച്ചതൊന്നും അവർ ചെയ്യുന്നില്ല..അഥവാ ചെയ്യാൻ സാധ്യതയില്ല..

ഞാന്‍ കമിഴ്ന്ന് കിടന്നു...മരണം പൂർണ്ണമാകാന്‍..

*****************************************************************************************************

ഇന്ന് രാവിലെ ജീവൻ തിരിച്ച് കിട്ടി...പക്ഷേ ഇന്നലെ നീലച്ചടയൻ കൊണ്ടുപോയ ചിലത് ഇതുവരെ കിട്ടിയിട്ടില്ല..

അവരെല്ലാം എന്നെനോക്കി ചിരിച്ചപ്പൊ തിരിച്ചത് കൊടുക്കാൻ പറ്റാഞ്ഞതും അതുകൊണ്ടുതന്നെ...

Tuesday, February 4, 2014

ഒരു ആംഗ്ലോ ഇന്ത്യൻ പ്രണയകഥ


ആംഗ്ലോ ഇന്ത്യക്കാരിയെ വിളിച്ച് വീട്ടിൽ കേറിയ ശേഷം അച്ഛൻ തെളിഞ്ഞൊന്ന് മിണ്ടീട്ടില്ല. അച്ഛൻ വീട്ടിലുള്ളപ്പൊ അമ്മേം അങ്ങനെയൊക്കെത്തന്നെ. ലവൾ എന്റട്ത്ത് അടിക്കുന്ന മുടിഞ്ഞ ഇംഗ്ലീഷ് കേട്ട് പേടിച്ചിട്ടാണെന്നാണ് ഞാനാദ്യം കരുതിയത്. ഏതായാലും വീട്ടിൽ കേറ്റിയല്ലോ..

ആംഗ്ലോ ഇന്ത്യനായാലും പശ്ചിമയൂറോപ്പായാലും അച്ചിവീട്ടിൽ കിടന്നാ തീർന്നില്ലേ കഥ. അവൾടെ തന്തക്കാണെങ്കീ കുട്ടികൾ മുല കുടിക്കുമ്പോലെ എടക്കെടക്ക് കിട്ടണം വിസ്കി. എന്നാ ഒറ്റക്കൊരു മൂലയ്ക്കിരുന്ന് അടിച്ചാപ്പോരേ അതുമില്ല. ആരെങ്കിലും വേണം. അത് അത്ര വിഷമമുള്ള കാര്യമല്ല പക്ഷേ അങ്ങോരുടെ കഥകൾ കേട്ടോണ്ടിരുന്നാൽ അടിച്ചത് ബ്ലാക്ക് ഡോഗായാലും ഷിവാസ് റീഗലായാലും എപ്പം വെച്ചു വാള് എന്ന് ചോദിച്ചാമതി...

അമ്മയുടെ ഇടിവെട്ട് അടുക്കള ഇംഗ്ലീഷ് കേട്ടപ്പൊഴാണ് ഒന്ന് ശ്വാസം നേരെ വീണ് തുടങ്ങിയത്. 'കത്തി ഗിവ്', 'വെജിറ്റബിൾ ക്ലീൻ ', 'മിക്സി ടേക്' എന്നിവയൊക്കെ ചില പഞ്ച് ഡയലോഗ്സാണെന്ന് പറഞ്ഞ് അവള് എന്റെ നെഞ്ചത്തൂന്ന് വലിയൊരു മടക്ക് എറച്ചി ചുണ്ടിന്റുള്ളിൽ അമർത്തി ചിരിക്കാറുണ്ടായിരുന്നു. ഏതായാലും അമ്മ അത്രേയുള്ളൂ..ഇപ്പൊ വല്ല്യ കാര്യമാണ് മരുമോളെ, അച്ഛനില്ലാത്തപ്പൊ...

രാവിലത്തെ ചായ, രാത്രിഭക്ഷണം ഇതു രണ്ടുമാണ് എല്ലാരും കുറച്ച് നേരം ഒന്നിച്ചിരിക്കുന്ന സമയം. അടൂർ ഗോപാലകൃഷ്ണേട്ടനിൽ നിന്ന് ഷാജി കൈലാസിലേക്ക് പോകാൻ വെടിമരുന്നിടുക അമ്മയാണ്. ബാബു നമ്പൂരിയെപ്പോലെ ആരും കേൾക്കാതെ എന്തൊക്കെയോ പറഞ്ഞ് അച്ഛൻ കഴിച്ചെണീക്കും.

'കണ്ട കാട്ടുചെടിയൊക്കെ രണ്ട് ദിവസം നോക്കീലെങ്കി തലക്ക് മോളില് കേറും, ആ മുരിങ്ങാക്കുറ്റി വെച്ചിട്ട് ദിവസം കൊറെയായി എന്നാണാവോ ഒന്ന് മൊളയ്ക്കാ...വല്ലാത്തൊരു മണ്ണ് തന്നെ...' അതായിരുന്നു അന്നത്തെ വിഷയം..

ഡൈനിംഗ് റൂമിലെ ജനാലയ്ക്കുള്ളിലൂടെ എല്ലാരും നോക്കി, ദൈന്യതയും ലജ്ജയും കൃത്യ്മായ അളവിൽ ചേർത്ത് മുരിങ്ങകുറ്റി തലതാഴ്ത്തിനിന്നു....

അങ്ങനെ പിന്നേം രണ്ട് ദിവസം പോയി...ഇതിനിടെ എന്റെ പെണ്ണുമ്പിള്ള ഇംഗ്ലീഷിൽ നിന്ന് പ്രോമോഷൻ കിട്ടി മംഗ്ലീഷിൽ എത്തിയിരുന്നുട്ടോ..

അന്നും പതിവ്പോലെ എല്ലാരും ചായകുടിക്കാനിരുന്നു...ദോശ, സമ്പാർ, ചമ്മന്തി, അച്ഛൻ അങ്ങനെ എല്ലാരുംണ്ട്...
കി കഴുകി കസേര വലിച്ചപ്പോഴേക്കും ഭാര്യ ശക്തിയായി ഒരു തോണ്ട്...

' സീ മൊല വന്നു...ഡ്രംസ്റ്റിക്കിന് മൊല വന്നു'

ഠിം...സിംബലടിച്ചപോലെ എല്ലാരും ഫ്രാക്ഷൻ ഓഫ് എ സെക്കന്റ്...

അമ്മ - ചായ എടുക്കാനെന്ന പോലെ അടുക്കളയിലേക്ക് ഒരോട്ടം..എനിക്കുറപ്പാണ്, അമ്മ പാത്രം കഴുകുന്ന മൂലയ്ക്ക് പോയിട്ടാവും ചിരിച്ചിട്ടുണ്ടാകുക...

ഞാൻ - ചമ്മന്തിയാണിഷ്ടമെങ്കിലും ആദ്യം കയ്യിൽ കിട്ടിയ തവിയിൽ കുടുങ്ങിയ സാമ്പാർ ദോശയിലൊഴിച്ച് ഉമ്മറത്തേക്ക് ഒരോട്ടം. അപ്പൊ വന്നത് ചിരിയാണോ, കരച്ചിലാണോ എന്ന് ഇത് വരെ മനസ്സിലായിട്ടില്ല..

അച്ഛൻ - ഒന്നും ചെയ്യാനാവാതെ പാവം അവിടെത്തന്നെയിരുന്നു. എങ്ങനെ മാനേജ് ചെയ്തോ എന്തോ?

പിറ്റേന്ന് മുതൽ അച്ഛൻ നമ്മടെ പെണ്ണുമ്പിള്ളയോട് ചില അത്യാവശ്യകാര്യങ്ങളൊക്കെ മലയാളത്തിൽ പറഞ്ഞ്തുടങ്ങി.മരുമോൾടെ മലയാളം  ഉച്ചാരണം നന്നാക്കാൻ വേണ്ടിയാവണം...

കഥ ഇവിടെ കഴിഞ്ഞു...ഞാൻ പോയി നമ്മടെ മുരിങ്ങദേവന് കൊറച്ച് വെള്ളം കൊടുക്കട്ടെ...



(ഇപ്പറഞ്ഞ ഞാൻ ...ഞാനല്ല)

Friday, January 31, 2014

വെട്ടുകാർ



പണ്ടൊരിക്കൽ ഷമീറിനെ പാർട്ടിക്കാർ വെട്ടി പഞ്ഞിക്കിട്ടത്...
രാമകൃഷ്ണൻ സഖാവിന്റെ വീട്ടിന് കല്ലെറിഞ്ഞതിനാണ്...
ആ വെട്ട് കണ്ട് നിന്ന കൂട്ടുകാരൻ മുനാഫാണ് പിന്നീട്
സഖാവിന്റെ അനിയൻ രമേശന്റെ..കാല് വെട്ടി തോട്ടിലിട്ടത്..
.
.
മുനാഫിനെ കുത്തിത്തളർത്തി കിടക്കയിലിട്ട സുനിസഖാവ്
ഇപ്പൊ എവിടെയെന്ന് ആർക്കും അറിയില്ല..
പക്ഷേ സഖാവിന്റെ സന്തതസഹചാരി പ്രിയേഷിന്റെ വീട്ടിൽ
ക്ഷണിക്കതെയെത്തിയ ബോംബിന് ഇഷ്ടപ്പെട്ടത്..സഖാവിന്റെ
പെങ്ങള്ടെ നാലു വയസ്സുകാരി മകളെയാണ്...
.
.
വിരലിൽകിടന്ന മോതിരം കൊണ്ടാണ് അന്ന് ബോബെറിഞ്ഞ
സിദ്ദിഖിന്റെ അഴുകിയ ശവം തിരിച്ചറിഞ്ഞത്..
സിദ്ദിഖിന് തെറ്റിയത് അനിയൻ സജീറിന്റെ വാളിന് തെറ്റിയില്ല...
സഖാവ് പ്രിയേഷ് അനുസ്മരണം ഇന്ന് രാവിലെയായിരുന്നു..
.
.
ഒരിക്കൽ വെട്ടേറ്റവർ വിളിച്ചിട്ടും വരാതെയായതിനാൽ നേതാക്കൾ
ലക്ഷ്ങളുടെ കൊട്ടേഷൻ ബാഗിലിട്ട് ബോംബെക്ക് വണ്ടികേറുകയാണിന്ന്..
സ്റ്റേഷനിൽ ചായ കുടിക്കുമ്പൊ രാമകൃഷ്ണൻ സഖാവ് മൂസയോട്...
'സാധങ്ങളുടെ ഒക്കെ വെല പോന്ന പോക്ക്..
ഒരു അനുസ്മരണം നടത്താനുള്ള ചെലവേ...'

(പേരുകളും സംഭവങ്ങളും സാങ്കല്പികം മാത്രം)

Wednesday, January 29, 2014

ഒളിയമ്പുകൾ




ഭാര്യയുടെ മരണശേഷമാണ് അയാൾക്ക് ഒറ്റപ്പെടലിന്റെ വേദന ശരിക്കും മനസ്സിലായത്, ഭാര്യയേയും

വേദനയിൽ നിന്ന് രക്ഷ നേടാനാണ് പിന്നിട്ട വഴികളിലൂടെ യാത്ര ചെയ്യാനും ഓർമകളായി മാറിയ മുഖങ്ങൾ വീണ്ടും ഒരിക്കൽക്കൂടി കാണാനും തീരുമാനിച്ച് ഇറങ്ങിത്തിരിച്ചത്, എന്നാൽ പഴയ വഴികളിലൊന്നും തിരിച്ചറിയപ്പെടാൻ പാകത്തിൽ ഒരൊറ്റ മുഖം പോലും ഉണ്ടായിരുന്നില്ല.

കുറച്ച് നാളുകൾ പിന്നിട്ടപ്പോൾ, പകൽ മുഴുവൻ യാത്ര ചെയ്ത ക്ഷീണം തീർക്കാൻ അയാൾ ഒരു കവലയിലിരുന്നു. മനുഷ്യരൂപം തന്നെയോ എന്ന് സംശയിച്ചുപോകുന്ന രൂപങ്ങൾ അയാൾക്ക് ചുറ്റും നടന്നുനീങ്ങിക്കൊണ്ടിരുന്നു.

ചുറ്റും നടന്നുനീങ്ങുന്നവർക്കിടയിൽ ഒരു സ്ത്രീ അയാളെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടു. കണ്ട് മറന്ന മുഖം തന്നെ. പക്ഷേ ഓർത്തെടുക്കാൻ കഴിയുന്നില്ല. അയാൾ പരവശനായി. സ്ത്രീ അയാൾക്ക് നേരെ നടന്നുതുടങ്ങി. അവൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ തനിക്ക്...ഛെ...അയാൾ ഓർമകൾക്കിടയിൽ ശക്തിയായി പരതി, പുതിയവ തട്ടിത്തെറിപ്പിച്ച്, പൊടിപിടിച്ചവയ്ക്കിടയിലൂടെ പുഴുവിനെപ്പോലെ ഓടിനടന്നു.
അവൾ അടുത്തെത്തുമ്പോഴേക്കും അയാൾ വിയർത്തിരുന്നു

മനസ്സിലാക്കാനാവാത്ത വിഷമവും, ജാള്യ്തയും മുഖത്ത് നിന്ന് മനസ്സിലാക്കിയ അവൾ ആശ്ചര്യം വിടാതെ തന്നെ ചോദിച്ചു

'ഇവിടെ എങ്ങനെ?'

അയാൾ : 'ഞാൻ...വെറുതെ പഴയ വഴികളിൽ ഒന്ന് തിരിഞ്ഞ് നടക്കാൻ...'

അവൾ ഒന്ന് മന്ദഹസിച്ച് ചുറ്റും നോക്കി. പിന്നെ അയാൾക്കഭിമുഖമായി ഇരുന്നു.

അവൾ : ഭാര്യയുമുണ്ടോ?

അയാൾ : ഇല്ല. തനിച്ചാണ്.

ഭാര്യയുടെ മരണവിവരം തൽകാലം മറച്ചുവെച്ചു. ഇരുവശങ്ങളിലേക്കും അവൾ കണ്ണോടിച്ചുതുടങ്ങിയപ്പോൾ  അയാൾ അവളെ നോക്കി. മധ്യവയസ്കയാണ്. നെറ്റിയിൽ നിന്ന് നരകയറിത്തുടങ്ങിയിരിക്കുന്നു. നല്ല പരിചയം ഇപ്പോഴും അയാളെ വലച്ചു.
അവൾ അയാളെ നോക്കിയപ്പോൾ അത് താങ്ങാനാവാതെന്നോണം അയാൾ മുഖം തിരിച്ചു.

അവൾ : ഇപ്പൊ ഇങ്ങോട്ടൊക്കെ വരാൻ..?

അയാൾ ഒന്നും പറയാതെ അവളെ നോക്കി. അത് മനസ്സിലാക്കിയ അവൾക്ക് ചിരി വന്നു

അവൾ : ഞാൻ താരയാണ്.

വെട്ടേറ്റെന്നോണം അയാൾ തരിച്ചിരുന്നു.

താര : അല്ലെങ്കിലും എന്നെ ഓർക്കേണ്ട കാര്യമില്ലായിരുന്നല്ലോ, അല്ലേ ?
തെറ്റ് ചെയ്ത കുഞ്ഞ് അമ്മയുടെ മുന്നിലെന്നോണം അയാൾ മുഖം താഴ്ത്തിയിരുന്നു.

താര : ഇവിടെ വീണ്ടും വരാനുള്ള കാരണം പറഞ്ഞില്ല.

അയാൾ അവളുടെ മുഖത്ത് നോക്കാതെ തുടർന്നു. ഭാര്യയെ വേദനിപ്പിക്കേണ്ടിവന്നതും, അവൾ തീയിൽ ജീവിതം ഹോമിച്ചതും, തുടർന്നുണ്ടായ മനോവ്യഥയും, യാത്രകളും ഒടുവിൽ ഇവിടെ എത്തിയത് വരെയുള്ള കഥകൾ.
ഏറെ വിസ്മയത്തോടെയാണ് താര കഥ കേട്ടത്. അവളുടെ കണ്ണുകളിൽനിന്ന് മന്ദഹാസം മാഞ്ഞു. ഏറെനേരം വീണ്ടും അവർ മൗനം കൂട്ടുപിടിച്ച് ഒന്നിച്ചിരുന്നു.

അയാൾ : മകൻ, അവനെവിടെയാണിപ്പോൾ..?

താര : അവന്റെ ഇളയച്ഛന്റെ കൂടെ..നിങ്ങളെക്കുറിച്ച് എപ്പോഴും പറയും. അവനറിയാം നിങ്ങളാണ് അവന്റെ അച്ഛനെ...എന്നിട്ടും ഇഷ്ടമാണവന് നിങ്ങളെ..വലിയ ബഹുമാനമാണ്...

അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ ശബ്ദം കഴുത്തിൽനിന്ന് പുറപ്പെടാൻ വിഷമിച്ച് ഞരങ്ങി.
ഭയപ്പെട്ടിരുന്നിടത്തേക്ക് സംഭാഷണം നീങ്ങുന്നതോർത്ത് അയാൾ പരിഭ്രമിച്ചു. ഇവൾക്ക് നൽകാൻ മറുപടിയില്ല. ഞാൻ ഏത് ശരിക്ക് വേണ്ടി നിലനിന്നിരുന്നോ ലക്ഷ്യത്തിന്റെ മഹത്വത്തിന് പാപം കഴുകിക്കളയാനാവില്ല.

അയാൾ : എന്റെ ലക്ഷ്യം, അതാണ് എന്നെ അന്നാ മാർഗത്തിലെത്തിച്ചത്. നിനക്കറിയാമല്ലോ നടന്നതെല്ലാം...

താര : ലക്ഷ്യം...നിങ്ങളുടെ ലക്ഷ്യം നടന്നു, പക്ഷേ നിങ്ങൾ വിജയിച്ചില്ല. വിജയിച്ചിരുന്നെങ്കിൽ നിങ്ങളുടെ ഭാര്യയ്ക്ക് ഗതി വരില്ലായിരുന്നു. നിങ്ങളുടെ മക്കൾക്ക് അമ്മയെ നഷ്ടപ്പെടില്ലായിരുന്നു.

അയാൾ : നിന്റെ ഭർത്താവിന്റെ കാര്യത്തിൽ ഞാൻ ചെയ്തത് ചതിയാണ്. ഒരു പക്ഷേ അതിന്റെ ശിക്ഷ നിന്റെ കയ്യിൽ നിന്നേറ്റ് വാങ്ങാനാവണം എന്നെ സന്ധ്യ ഇവിടെയെത്തിച്ചത്.

താര : ശിക്ഷിക്കാൻ ഞാനാര്. അല്ലെങ്കിലും നിങ്ങളെ ഞാൻ ശിക്ഷിച്ചാൽ എന്റെ മകൻ പോലും എന്നെ വെറുക്കും...ആലോചിക്കാൻ കഴിയുമോ അങ്ങനെയൊരവസ്ഥ? സ്വന്തം അച്ഛന്റെ ഘാതകനെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു മകന്റെ അമ്മയുടെ അവസ്ഥ.

അയാൾ : അവനെ ഒന്ന് കാണാൻ കഴിയുമോ? ഒരുപക്ഷേ അവനെ കണ്ട് ഒന്നുപൊട്ടിക്കരഞ്ഞാൽ അല്പം മനസമധാനം ലഭിക്കുമായിരിക്കും..ദയവുചെയ്ത് ആരെയെങ്കിലും വിട്ട് ഒന്നറിയിക്കാമോ..അവന്റെ ഇളയച്ഛൻ എന്റെ സ്നേഹിതൻ..

താര : അതെ, നിങ്ങളുടെ സ്നേഹിതൻ, രണ്ടാളും രചിച്ച തിരക്കഥയിൽ ഒടുക്കം എന്റെ മകന് അച്ഛനെ നഷ്ടപ്പെട്ടു. എനിക്ക് അകാലവൈധവ്യം തന്നു. ഇനി നിങ്ങളെന്തിനു കാണണം? അവരെ നിങ്ങൾ ഉപയോഗിച്ച് കഴിഞ്ഞു. നിങ്ങൾ നിങളുടെ ലക്ഷ്യവും നേടിക്കഴിഞ്ഞു. എന്നിട്ടും നോക്കൂ നിങ്ങളുടെ അവസ്ഥ. ഇനി ആരെയും കാണണമെന്നില്ല. ഇവിടെ വന്ന് ആദ്യം എന്റെ കണ്മുൻപിൽതന്നെ നിങ്ങളെയെത്തിച്ചതിന് ഞാൻ ദൈവത്തെ സ്തുതുക്കുന്നു. നിങ്ങൾക്ക് പോകാം...

സംഭാഷണത്തിൽ ആദ്യമായി അയാൾ ചിരിച്ചു.

അയാൾ : ശരിയാണ്, എന്റെ ലക്ഷ്യം നേടാൻ ഞാൻ നിന്റെ ജീവിതം നശിപ്പിച്ചു. പിന്നിൽ നിന്ന് ആക്രമിക്കുന്നത് ഭീരുത്വമെന്ന് അറിയാഞ്ഞിട്ടല്ല...പക്ഷേ...നീ പറഞ്ഞത് ശരിയാണ്..എന്നിട്ടും ഞാനിപ്പോൾ എത്തിനിൽക്കുന്ന അവസ്ഥ കണ്ടില്ലേ. അതാണ് ജീവിതം. ഒരറ്റത്തുനിന്ന് നമ്മൾ വെട്ടിപ്പിടിക്കുന്നതെല്ലാം മറ്റൊരറ്റത്ത് നഷ്ടപ്പെടുകയായിരിക്കും. ഇനി ഞാനിവിടെ നിൽകുന്നില്ല...
ഇനി നമ്മൾ കണ്ടെന്നും വരില്ല. എന്റെ ജീവിതലക്ഷ്യം ഞാൻ നേടി. എന്നാൽ അതിലുപരി നഷ്ടപ്പെട്ടതോർത്ത് വിലപിക്കാനുള്ളതായി എന്റെ ശിഷ്ടജീവിതം... എന്റെ അച്ഛനുൾപ്പെടെ…ഇനി നാം കാണാതിരിക്കട്ടെ. നാമെന്നല്ല...ഞാൻ കാണാനാഗ്രഹിച്ചവരാരൊക്കെയോ അവരൊന്നും എന്നെ കാണാതിരിക്കട്ടെ..

അയാൾ തിരിഞ്ഞ് നടന്നു...രണ്ട് പേരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. വഴിതിരുന്നിടത്ത് നിന്ന് അയാൾ തിരിഞ്ഞ് നോക്കി. അവൾ അത് പ്രതീക്ഷിച്ചെന്നോണം അവിടെത്തന്നെ നിൽക്കുന്നു.

രാത്രി ലക്ഷ്യമില്ലാതെയുള്ള യാത്ര അവസാനിച്ചത് സരയൂ തീരത്താണ്. നിലാവിൽ വെട്ടിത്തിളങ്ങുന്ന ഓളങ്ങളിൽ അയാൾ കണ്ടു. കാണാനാഗ്രഹിച്ച ഓരൊ മുഖവും. പരിഭവം പറയുന്നപോലെ അവ പൊന്തിവന്ന് പിണങ്ങി തിരിച്ച്പോയി...അയാൾ അവരിലേക്കിറങ്ങിച്ചെന്നു. അവസാനമായി എല്ലാവരേയും കാണാൻ. ..



പിൻകുറിപ്പ് : 


രാമായണത്തിൽ നീതികിട്ടാതെപോയ ദമ്പതികളാണ് ബാലിയും താരയും. ഒമ്പതാം വയസ്സിൽ വായിച്ചതാണ് രാമായണം ആദ്യമായി. പക്ഷേ ഇതുവരെ പിടികിട്ടാത്ത ഒന്നാണ് ബാലീവധം. പിടികിട്ടാത്തതെന്നാൽ ന്യായീകരിക്കാനാവാത്തത്. അദ്ദേഹത്തെ നേർക്കുനേർ വധിച്ചിരുന്നെങ്കിൽ ഇത്ര വലിയ സമസ്യയായി പ്രശ്നം എന്റെ മനസ്സിൽ അവശേഷിക്കില്ലായിരുന്നു. അതിനാൽ ശ്രീരാമൻ ദേഹവിയോഗത്തിനു തൊട്ടു മുൻപ് ബാലിയുടെ വിധവയായ താരയെ കാണുന്നത്, ഒന്ന് വിഭാവനം ചെയ്തു...